ഒറ്റ നോട്ടത്തില്
ചാലിയാർ പുഴയുടെ പോഷകനദികളായ ചെറുപുഴയാലും ഇരുപഴിഞ്ഞിപ്പുഴയാലും ചുറ്റപ്പെട്ട സമൃദ്ധമായ ഒരു കാർഷിക ഗ്രാമമാണ് ചാത്തമംഗലം. കുന്നുകളും വയലുകളും തോടുകളും നിറഞ്ഞ ഈ പ്രദേശം 40.24 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു.പഞ്ചായത്ത് നിലവിൽ വന്നത് 1956 സെപ്റ്റംമ്പർ 24 നാണ്.
28530 പുരുഷന്മാരും 36620 സ്ത്രീകളും ഉൾപ്പടെ 65150 പേർ ജനസംഖ്യയുള്ള ഗ്രാമപഞ്ചായത്ത് കോഴിക്കോട് ലോകസഭാ മണ്ഡലം, കുന്ദമംഗലം നിയമസഭാ മണ്ഡലം, കോഴിക്കോട് ജില്ലാ പഞ്ചായത്ത് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ ഭാഗമാണ്. 6000 ത്തോളം പട്ടികജാതിക്കാരും 17 ഓളം പട്ടികവർഗ്ഗക്കാരും ഗ്രാമപഞ്ചായത്തിലുണ്ട്.
1992 ഡിസംബറിൽ പാർലമെന്റ് പാസ്സാക്കിയ 73, 74 ഭരണഘടനാ ഭേദഗതി ബില്ലുകളുടെ ചുവടുപിടിച്ചാണ് പഞ്ചായത്തിരാജ് സംവിധാനം നിലവിൽ വന്നത്. ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് എന്ന സങ്കല്പത്തിന്റെയും ഗ്രാമസ്വരാജിലൂടെ പൂർണ്ണ സ്വരാജ് എന്ന ദർശനത്തിന്റെയും പ്രായോഗികമായ നടപ്പാക്കലാണ് പഞ്ചായത്തിരാജ്.
24 വാർഡുകളുള്ള പഞ്ചായത്ത് പൂളക്കോട്, ചാത്തമംഗലം വില്ലേജുകളിലായാണ് വ്യാപിച്ചു കിടക്കുന്നത്. 1963 ൽ നടന്ന പ്രഥമ തിരഞ്ഞെടുപ്പിൽ പഞ്ചായത്ത് പ്രസിഡന്റായി ശ്രീ. പി. സി. ദാമോദരൻ നമ്പൂതിരിയും വൈസ് പ്രസിഡന്റായി ശ്രീ. അബൂബക്കർ ഹാജിയും തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് ശ്രീ അബൂബക്കർ മൗലവി, ശ്രീ. കെ. എ. ഖാദർ മാസ്റ്റർ, ശ്രീമതി എ. അംബുജാക്ഷി അമ്മ, ശ്രീ. എം. കെ. നമ്പ്യാർ മാസ്റ്റർ, ശ്രീ. കെ. ശശീധരൻ, ശ്രീമതി ഇ. പി. വത്സല, ശ്രീമതി. പി. സുനിത, ശ്രീ. കെ. ഇ. രാജഗോപാൽ, ശ്രീമതി കെ. എസ്. ബീന, ശ്രീ.അബ്ദുൽ ഗഫൂർ എന്നിവർ ഭരണ സാന്നിധ്യം വഹിച്ചു. നിലവിൽ ശ്രീമതി എം കെ നദീറ പ്രസിഡൻ്റായും ശ്രീ.എം കെ അനീഷ് വൈസ് പ്രസിഡൻ്റായും ഉള്ള ഭരണസമിതിയാണ് നിലവിലുള്ളത്.
കുന്ദമംഗലം, പെരുവയൽ, മാവൂർ പഞ്ചായത്തുകളേയും കൊടുവള്ളി, മുക്കം മുനിസിപ്പാലിറ്റികളേയും ബന്ധിപ്പിക്കുന്ന 48 കി. മീ. നീണ്ട പൊതുമരാമത്ത് റോഡുകളും പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഗ്രാമീണ റോഡുകളും പൂർണ്ണമായും ഗതാഗത യോഗ്യമാണ്. കൂളിമാട് പാലം, കുരുങ്ങാട്ടുകടവ് പാലം, മുഴാപ്പാലം, ചെട്ടിക്കടവ് പാലം, പെരുവയൽക്കടവ് പാലം, ചെത്തുകടവ് പാലം, കുമ്മാണ്ടിക്കടവ് പാലം എന്നിവ പഞ്ചായത്തിന്റെ ഗതാഗത സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നു.
ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NITC) ,എൻ ഐഇ എൽ ടി പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാന്നിധ്യം പഞ്ചായത്തിന്റെ കീർത്തി വർദ്ധിപ്പിക്കുന്നു.
കുന്ദമംഗലം ഗവ.ആർട്സ് &സയൻസ് കോളേജ് ,ഗവ.ഐ ടി ഐ എന്നിവ വിദ്യാഭ്യാസ രംഗത്തെ മികച്ച സ്ഥാപനങ്ങളാണ്.7 ഗവ. എൽ. പി. സ്കൂളുകളും, 4 എയ്ഡഡ് എൽ. പി. സ്കൂളുകളും, 5 എയ്ഡഡ് യു. പി. സ്കൂളുകളും 2 ഹയർ സെക്കണ്ടറി സ്കൂളുകളും ഉൾപ്പടെ 18 പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളും 42 അംഗനവാടികളും പ്രധാനപ്പെട്ട 5 അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളും നിലവിലുണ്ട്.
കെ എം സി ടി എഞ്ചിനീയറിംഗ് കോളേജ്,എം ഇ എസ് കോളേജ് , ദയാപുരം കോളേജ് തുടങ്ങിയ സ്വകാര്യ വിദ്യാഭ്യസ സ്ഥാപനങ്ങൾ അടങ്ങിയ വിദ്യാഭ്യാസ കേന്ദ്രമായാണ് നമ്മുടെ പഞ്ചായത്ത്.
ആരോഗ്യരംഗത്ത് ചൂലൂർ കുടുംബാരോഗ്യ കേന്ദ്രം, ആയുർവേദ ആശുപത്രി വെള്ളന്നൂർ, ഹോമിയോ ആശുപത്രി നായർകുഴി, വലിയപൊയിൽ കൂടാതെ 9 പ്രാഥമിക ആരോഗ്യ ഉപകേന്ദ്രങ്ങൾ എന്നിവ പഞ്ചായത്തിൽ പ്രവർത്തിക്കുന്നു. സ്വകാര്യ മേഖലയിൽ അലോപ്പതി ക്ലിനിക്കുകൾ, എൻ. ഐ. ടി. ജീവനക്കാർക്കായി അലോപ്പതി ആശുപത്രി, ഹോമിയോ ചികിത്സാ കേന്ദ്രങ്ങൾ, ആയുർവേദ ചികിത്സാ കേന്ദ്രങ്ങൾ എന്നിവയും വിവിധ പാരമ്പര്യ ചികിത്സാ കേന്ദ്രങ്ങൾ എന്നിവയും പ്രവർത്തിച്ചു വരുന്നു. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന സംസ്ഥാന തലത്തിൽ തന്നെ അറിയപ്പെടുന്ന എം. വി. ആർ. കാൻസർ സെന്റർ & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചാത്തമംഗലം പഞ്ചായത്തിലെ ചൂലൂരിലാണ് സ്ഥിതി ചെയ്യുന്നത്.
പഞ്ചായത്ത് പൊതു കിണറുകൾ 26 ഓളം ചെറുകിട കുടിവെള്ള പദ്ധതികൾ ,വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പദ്ധതിയും കേന്ദ്ര സർക്കാരിൻ്റെ സഹായത്തോടെ ആരംഭിക്കുന്ന ജലജീവൻ പദ്ധതിയും പൂർത്തികരിച്ച് പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരികാൻ സാധിക്കുന്നതാണ്.
1906-ൽ സ്ഥാപിതമായ ചാത്തമംഗലം സബ് രജിസ്ട്രാർ ഓഫീസ്, ആർ. ഇ. സി. ടെലിഫോൺ എക്സ്ചേഞ്ച്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആർ. ഇ. സി. പോസ്റ്റ് ഓഫീസ്, കൃഷിഭവൻ ചാത്തമംഗലം, പൂളക്കോട്, ചാത്തമംഗലം വില്ലേജ് ഓഫീസുകൾ, മൃഗാശുപത്രി വലിയപൊയിൽ, കെ.എസ്.ഇ.ബി. ഓഫീസ് ചാത്തമംഗലം,കെട്ടാങ്ങൽ അർബ്ബൻ സൊസൈറ്റി ,ചാത്തമംഗലം സർവ്വീസ് സഹകരണ ബാങ്ക്, കേരള ഗ്രാമീണ ബാങ്ക്, കനറാ ബാങ്ക്, നായർക്കുഴി ക്ഷീരോത്പാദക സഹകരണ സംഘം, വനിതാ സഹകരണ സംഘം ചാത്തമംഗലം, ബീജ സങ്കലന കേന്ദ്രം വെള്ളന്നൂർ , വാട്ടർ അതോറിറ്റിയുടെ ഹെഡ് വർക്കേഴ്സ് സെക്ഷൻ പ്ലാന്റ് കൂളിമാട് ,കെ എസ് ഇ ബി സബ് സെൻ്റർ വെള്ളനൂർ , മാവേലി സ്റ്റോർ പി എച്ച് ഇ ഡി , കൂഴക്കോട് ഖാദി കേന്ദ്രം , വെള്ളലശ്ശേരി കൈത്തറി നൂൽഉൽപാദന കേന്ദ്രം എന്നിവ പഞ്ചായത്തിലെ പൊതുവികസന രംഗത്തെ പ്രധാന സ്ഥാപനങ്ങളാണ്.
നമ്മുടെ ജലസമ്പത്ത് കൂടുതൽ ഉപയോഗപ്രദമാക്കിയും, ജലസേചന പദ്ധതികൾ ആവിഷ്കരിച്ചും, കൃഷിക്കാർക്ക് സഹായവും ശാസ്ത്രീയ അവബോധവും നൽകിയും കാർഷിക ഉൽപാദനം മെച്ചപ്പെടുത്തേണ്ടതുണ്ട്. നായർകുഴിയിലെ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നൂറുകണക്കിന് കർഷകർക്ക് പ്രയോജനപ്പെടുന്നു. തരിശ് ഭൂമി കൃഷിയോഗ്യമാക്കി മാറ്റണം, മത്സ്യ കൃഷിയെ പ്രോത്സാഹിപ്പിക്കണം. ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തി വിദ്യാലയങ്ങളിലെ പഠന നിലവാരം ഉയർത്താൻ പദ്ധതികൾ ആവിഷ്കരിക്കണം.
നമ്മുടെ പഞ്ചായത്തിൻ്റെ സമഗ്രമായ വികസനത്തിന് നിങ്ങളുടെ പിന്തുണയും സഹായവും കൂടിയേ തീരു.അതുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.